സംസ്ഥാന മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി ക്ഷീരകർഷക- കന്നുകാലി പദ്ധതിയിലെ അംഗമാവാൻ ഇപ്പോൾ സാധിക്കും. കന്നുകാലികൾക്ക് ജീവഹാനി സംഭവിക്കുന്നതുമൂലം ക്ഷീര കർഷകർക്ക് ഉണ്ടാകുന്ന കഷ്ട-നഷ്ടങ്ങൾ പരിഹരിക്കാൻ, കർഷകർക്ക് കൂടി ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുംവിധത്തിലാണ് ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷൂറൻസ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ക്ഷീരമേഖലയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഏറ്റവും പ്രീമിയം നിരക്ക് കുറവുള്ള പദ്ധതിയാണിത്. ഇപ്പോൾ കർഷകർക്ക് തൊട്ടടുത്ത സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഈ പദ്ധതിയിൽ ചേരാൻ സാധിക്കും.
18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള ക്ഷീരകർഷകർക്കാണ് ഗോസമൃദ്ധി പദ്ധതിയിൽ പശുക്കളെ ഇൻഷുറൻസ് ചെയ്യുന്നതിനൊപ്പം പേഴ്സണൽ ആക്സിഡന്റ് കവറേജ് നേടാൻ സാധിക്കുക. 20 രൂപ അധികമായി കന്നുകാലി ഇൻഷുറൻസ് ചെയ്യുന്നതിനൊപ്പം പ്രീമിയം അടച്ചാൽ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസ് ലഭിക്കും. കൂടാതെ നൂറു രൂപ പ്രീമിയം അടച്ചാൽ ഒരു വർഷത്തേക്ക് പരമാവധി അഞ്ചു ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്ന സമയത്ത് മൃഗങ്ങൾക്ക് പൂർണ്ണ ആരോഗ്യം ഉണ്ടായിരിക്കണം. പ്രകൃതിദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍, ശസ്ത്രക്രിയയ്ക്കിടെ അപകടം എന്നിവയ്ക്കും ഇന്‍ഷുറന്‍സ് ലഭിക്കും. മനപ്പൂർവം പശുവിനെ പരിക്കേല്‍പ്പിക്കുക, കശാപ്പു ചെയ്യുക, കളവുപോവുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തുക ചെയ്താൽ ഇൻഷുറൻസ് ലഭിക്കുകയില്ല.