ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാജമല സന്ദര്‍ശിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊപ്പമാണ് മുഖ്യമന്ത്രി രാജമലയിലെത്തുക. രാജമല പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും മൂലം ദുരിതത്തിലായ പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. രാവിലെ 8.30 ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടറില്‍ മൂന്നാറിലേക്ക് തിരിക്കും. അവിടെ നിന്ന് കാര്‍ മാര്‍ഗം രാജമലയിലെത്തി ദുരന്ത സ്ഥലം സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനു ശേഷം ഹെലികോപ്ടറില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.
കരിപ്പൂര്‍ വിമാനാപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയും ഗവര്‍ണറും സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, രാജമലയില്‍ മുഖ്യമന്ത്രി എത്താത്തതിനെതിരെ വിമര്‍ശനമുയര്‍ന്നു. കാലാവസ്ഥ മോശമായതിനാലും രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നതിനാലുമാണ് രാജമലയിലേക്ക് ഇപ്പോള്‍ പോകാത്തതെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. രാജമല ദുരന്തം സംഭവിച്ചിട്ട് ഇന്ന് ഏഴാം ദിവസമാണ്.