എറണാകുളം കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കർ ലോറിയുടെ വാതകചോർച്ച പരിഹരിച്ചു. 18 ടൺ പ്രൊപ്പലീൻ ഗ്യാസ് ആയിരുന്നു ടാങ്കറിൽ ഉണ്ടായിരുന്നത്. ഇരുമ്പനം ബിപിസിഎല്ലിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. തെങ്ങാഷി സ്വദേശി മുത്തു ഓടിച്ചിരുന്ന കർണാടക രജിസ്ട്രേഷൻ വാഹനമാണ് മറിഞ്ഞത്. ടിവിഎസ് ജംഗ്ഷനിൽ നിന്നും ദേശീയപാതയിലേക്ക് തിരിയുന്നതിനിടെ ഇടത് ഭാഗത്തേക്ക് മാറിയുകയായിരുന്നു വാഹനം. ആളപായമില്ലാതെയും കാര്യമായ പരുക്കുകൾ കൂടാതെയും ഡ്രൈവർ രക്ഷപെട്ടു. കളമശ്ശേരി പോലിസും ഏലൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തങ്ങളും സുരക്ഷാനടപടികളും സ്വീകരിച്ചിരുന്നു. ഉന്നത തലത്തിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അമിതവേഗം ആകാം അപകടത്തിന് കാരണമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ടാങ്കറിൽ നിന്നും വാതകചോർച്ച ഉണ്ടായിരുന്നു. ഇത് ആശങ്ക പടർത്തിയെങ്കിലും നീണ്ട ആറ് മണിക്കൂറോളം ചെയ്ത നടപടികളുടെ ഭാഗമായി വാതകകചോർച്ച പൂർണ്ണമായി അടക്കുകയും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അഗ്നിരക്ഷാസേന അറിയിച്ചു. സംഭവത്തെത്തുടർന്ന് ഗതാഗത തടസം ഉണ്ടായെങ്കിലും പോലീസ് ഗതാഗതം ക്രമീകരിക്കുകയും ചെയ്തു.
ശില്പ സുദർശൻ
Highlight : Gas tanker overturns in kalamassery no leaks, no casualties