ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ ബഹുമുഖ പ്രതിഭയായ ഉലകനായകൻ കമൽ ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. ലോകത്തിലെ ഓരോ ജന ഹൃദയങ്ങൾക്കിടയിലും ഇടം നേടിയ വ്യക്തി. സിനിമാ മേഖലയിലുള്ള അദ്ദേഹത്തിന്റെ യാത്ര അസാധാരണമാണ്. തന്റെ ആറാം വയസ്സിൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമാരംഗംത്ത് അരങ്ങേറ്റം കുറിച്ചത്. ആ സിനിമയിലൂടെ ബാലതാരത്തിനുള്ള അവാർഡ് താൻ സ്വന്തമാക്കുകയും ചെയ്തു. 6 പതിറ്റാണ്ടിലേറെയുള്ള തന്റെ കരിയറിൽ നടൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, അവതാരകൻ എന്നീ നിലകളിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു. അഭിനയത്തിന് പുറമേ ഭാഷ വൈവിധ്യത്തിലും അദ്ദേഹം മുൻ നിരയിൽ തന്നെയാണ്. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ കൊണ്ട് കമൽ ഹാസന്റെ കഴിവുകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് വ്യത്യസ്ത ഭാഷകളിലായി പത്തൊമ്പത് ഫിലിംഫെയർ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2018-ൽ മക്കൾ നീതി മയ്യം എന്ന പേരിൽ, അഴിമതിക്കെതിരെ പോരാടാനും സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാനുമുള്ള കാഴ്ചപ്പാടോടെ അദ്ദേഹം തന്റെതായ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. അദ്ദേഹത്തിന്റെ ആരാധകർ കാത്തിരിക്കുന്ന മണിരത്നം ഒരുക്കുന്ന തഗ് ലൈഫ് എന്ന ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.
ശില്പ സുദർശൻ
Pic Courtesy: FB Kamal Haasan