ഭഗവാൻ പരമശിവന് വൈദ്യനാഥ രൂപത്തിൽ പ്രതിഷ്ഠയുള്ള കേരളത്തിലെ മഹാ ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്ന വൈദ്യൻ്റെ ഭാവത്തിലാണ് സർവ്വശക്തൻ ഇവിടെയുള്ളത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവായതെന്നാണ് വിശ്വാസം. ക്ഷേത്ര ചിറയിലെ ജലം പുണ്യ തീർത്ഥമായി കാണപ്പെടുന്നതുകൊണ്ട് ചിറയിൽ സ്നാനം ചെയ്ത് വൈദ്യനാഥനെ പ്രാർത്ഥിച്ചാൽ ഏത് രോഗമാണെങ്കിലും ഭേദമാകുമെന്നുള്ളതാണ് വിശ്വാസം. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ശിവന് ക്ഷീരധാരയും ജലധാരയും വഴിപാടായി നല്കി ക്ഷേത്രത്തിൽ ഭജനയിരുന്നാൽ കണ്ണുകളുടെ രോഗവും ത്വക്ക് രോഗവും നിശേഷം മാറുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏത് രോഗമായാലും വൈദ്യനോട് പ്രാർത്ഥിച്ചാൽ മാറുമെന്നാണ് വിശ്വാസം. പലയിടത്തുനിന്നും ഈ ക്ഷേത്രത്തിലേക്ക് ഭക്തർ വരുന്നതായും ഭേദമാകാത്ത രോഗങ്ങൾ പലതും ഭേദമായതായും പറയപ്പെടുന്നു. ക്ഷേത്രത്തിന് മുന്നിൽ കൂറ്റൻ കാഞ്ഞിര മരം ഉള്ളതുകൊണ്ടാണ് ഈ ക്ഷേത്രം കാഞ്ഞിരങ്ങാട് ക്ഷേത്രം എന്നറിയപ്പെട്ടത്. കുംഭമാസത്തിലെ മഹാശിവരാത്രിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കൂടാതെ ആറ് ഞായർ എന്ന വിശേഷാൽ ചടങ്ങും ഇവിടെയുണ്ട്. മലയാള മാസം ആറാം തീയതിയാണ് ക്ഷേത്രത്തിൽ ദേവ പ്രതിഷ്ഠ നടന്നതെന്ന് വിശ്വസിക്കപ്പെടുന്നതിനാലാണ് വൈദ്യനാഥനെ കാണുവാൻ ഈ ദിവസം ഏറ്റവും മഹനീയമായി കണക്കാക്കപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ കാഞ്ഞിരങ്ങാട് ദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കടപ്പാട്: ഫേസ്ബുക്
Highlight : Kanhirangad Sree Vaidyanatha Temple, a Lord Shiva shrine, is where the deity is worshipped as Vaidya Nathan.