ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ തെളിമ പദ്ധതി നവംബർ 15 മുതൽ ആരംഭിക്കും. റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും മുൻഗണനാ കാർഡുകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുമായി ആരംഭിക്കുന്ന ഈ പദ്ധതി ഡിസംബർ 15 വരെ ഉണ്ടാകും. എന്തെങ്കിലും തരത്തിലുള്ള പരാതികളോ അറിയിപ്പുകളോ അപേക്ഷകളോ ഉണ്ടെങ്കിൽ റേഷൻ കടകൾക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ് ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. റേഷൻ കട ജീവനക്കാരന്റെ പെരുമാറ്റം, റേഷൻ വിതരണത്തിലെ പ്രശ്നങ്ങൾ, അളവ്, ഗുണനിലവാരം തുടങ്ങിയ പരാതികളും സ്വീകരിക്കുന്നതാണ്. റേഷൻ കാർഡ് അംഗങ്ങളുടെ പേര്, കാർഡ് ഉടമയുമായുള്ള ബന്ധം, മേൽവിലാസം, ഇനിഷ്യൻ, അംഗങ്ങളുടെ തൊഴിൽ വിവരങ്ങൾ, എൽപിജി തുടങ്ങിയ വിവരങ്ങളിൽ തെറ്റ് തിരുത്താൻ ഈ അവസരം ഉപയോഗിക്കാവുന്നതാണ്. മഞ്ഞ, പിങ്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകളിലുള്ള തെറ്റുകൾ കാരണം മാസ്റ്ററിങ് (കെവൈസി) ചെയ്യാൻ കഴിയാതെ പോയവർക്കും ഈ അവസരത്തിൽ പേരുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കുന്നതിനും അവസരം ലഭിക്കും. വീടിന്റെ വിസ്തീർണ്ണം, വരുമാനം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകൾ രേഖകൾ സഹിതം അക്ഷയകേന്ദ്രം വഴി ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.
ശില്പ സുദർശൻ
Highlight : Opportunity for card holders to correct the errors in ration cards (Thelima Padhathi)