127 വർഷങ്ങൾക്ക് ശേഷം ചരിത്രം തിരുത്തി എഴുതി ട്രംപ് വൈറ്റ് ഹൗസിലേക്ക്
അമേരിക്കയിൽ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയം നേടി തിരിച്ചുവന്നിരിക്കുകയാണ് ട്രംപ്. 127 വർഷങ്ങൾക്ക് ശേഷമാണ്, ഒരിക്കൽ തോൽവിയറിഞ്ഞ അമേരിക്കൻ പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ തോൽവിയുടെ കണക്ക് തീർത്തുകൊണ്ട് വീണ്ടും അമേരിക്കൻ പ്രസിഡന്റായിരിക്കുകയാണ് അദ്ദേഹം. അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഗംഭീരമായ ഒരു തിരിച്ചു വരവുകൂടിയാണിത്. ആധുനിക ചരിത്രത്തിൽ വളരെ സ്വാധീനവും വ്യക്തിത്വവുമുള്ള ഒരാളായി ട്രംപ് മാറിയിരിക്കുന്നു. 2016 – 2020 കാലഘട്ടങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ട്രംപ് എഴുപത്തെട്ടാം വയസ്സിലാണ് വൈറ്റ് ഹൗസിലേക്ക് തിരികെയെത്തിയത്. അമേരിക്കയിൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി സ്ഥാനമേൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതോടെ സ്ഥാനമാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ വൈറ്റ് ഹൗസിൽ നടന്നു തുടങ്ങി. ട്രംപ് അമേരിക്കയുടെ നാല്പത്തിയെഴാം പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങ് 2025 ജനുവരിയിലായിരിക്കും. വരും വർഷങ്ങളിൽ ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങൾ അമേരിക്കയുടെ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുമെന്നും, ഇത് ആഭ്യന്തര, അന്തർദേശീയ വേദികളിൽ സ്വാധീനം ചെലുത്തിയേക്കാവുന്ന മാറ്റങ്ങൾ കൊണ്ടുവരുമെന്നുമാണ് അമേരിക്കൻ ജനതയുടെ പ്രതീക്ഷയും വിശ്വാസവും.
ശില്പ സുദർശൻ