ലോകത്തിലെ ഏക ചിലന്തി ക്ഷേത്രം; കൊടുമൺ ചിലന്തിയമ്പലം (Palliyara Sree Bhagavathy Temple)
ലോകത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് വളരെ വ്യത്യസ്തവും അത്ഭുതവും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ പള്ളിയറ ദേവീക്ഷേത്രം അഥവാ കൊടുമൺ ചിലന്തിയമ്പലം. ഈ ക്ഷേത്രത്തിൽ വന്ന് പൂജ ചെയ്ത് പ്രസാദം കഴിച്ചാൽ എത്ര കടുത്ത ചിലന്തി വിഷബാധയും ശമിക്കുമെന്നുള്ളതാണ് വിശ്വാസം. പത്തനംതിട്ടയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ ദൂരത്തിൽ ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമണിൽ നിന്നും ഒന്നര കിലോമീറ്റർ കിഴക്കായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും രോഗശാന്തിക്കായി ഈ ക്ഷേത്രം തേടി ജനങ്ങൾ എത്താറുണ്ട്. വിഷബാധയേറ്റവർ ക്ഷേത്രത്തിൽ എത്തി കുളിച്ചു തൊഴുത് മലർനിവേദ്യം നടത്തിയ ശേഷം പൂജിച്ച ഭസ്മം ശരീരത്തിൽ ലേപനം ചെയ്യുന്നതാണ് വഴിപാട്. ഒരാഴ്ചയ്ക്കകം വിഷാംശം ഇല്ലാതായി രോഗശാന്തി വന്നുചേരുന്നു. ലക്ഷക്കണക്കിന് രോഗികൾ രോഗശാന്തി നേടിയിട്ടുണ്ടെന്നും ഇവിടുത്തെ കിണറ്റിലെ ജലത്തിന് ഔഷധ ഗുണമുള്ളതായും പറയപ്പെടുന്നു. ചെന്നീർക്കര തമ്പുരാക്കന്മാരിൽ പ്രശസ്തനായ വിഷചികിത്സകനായിരുന്നു രവീന്ദ്രവിക്രമൻ. അദ്ദേഹത്തിന്റെ മകൾ അറയിൽ കയറി തപസ്സ് അനുഷ്ഠിക്കുകയും സമാധി ആവുകയും ചെയ്തു. നാളുകൾ കഴിഞ്ഞു അറ തുറക്കുമ്പോൾ വിചിത്രമായ ചിലന്തികളാൽ മൂടിയിരിക്കുന്നു അസ്ഥികൾ മാത്രമാണ് കാണാൻ കഴിഞ്ഞത്. തുടർന്ന് ദേവീസാന്നിധ്യം ഉണ്ടാകുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തുവെന്നാണു പറയപ്പെടുന്നത്. അങ്ങനെയാണ് പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം എന്നറിയപ്പെട്ടത്. വൃശ്ചികമാസത്തിലെ കാർത്തിക ദിവസമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ക്ഷേത്രത്തിലെ മകരമാസത്തിലെ ചന്ദ്രപ്പൊങ്കാലയും ഏറെ പ്രസിദ്ധമാണ്.