ശ്രീ മഹാവിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രമാണ് തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂർ എന്ന മനോഹരമായ പട്ടണത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ആണ്ടാൾ ക്ഷേത്രം. ഈ ക്ഷേത്രം ഹിന്ദു വാസ്തുവിദ്യയുടെ മഹത്വത്തിൻ്റെയും ഭക്തരുടെ അചഞ്ചലമായ വിശ്വാസത്തിൻ്റെയും ജീവനുള്ള സാക്ഷ്യമാണ്. വിവാഹപരിഹാര പൂജ ഈ ക്ഷേത്രത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ബുധനാഴ്ചകളിലോ വെള്ളിയാഴ്ചകളിലോ ആയി 9 ആഴ്ചകൾ ഈ ക്ഷേത്രത്തിൽ വിവാഹപരിഹാരം നടത്തുന്നതിലൂടെ ഫലം കാണുമെന്നുള്ളതാണ് വിശ്വാസം. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആരാണോ അവർ തന്നെ വ്യത്യസ്ത നിറങ്ങളിൽ നിന്നും ഇനങ്ങളിൽ നിന്നുമുള്ള പൂക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ മാല ഭഗവാനെ അണിയിക്കുകയും നിങ്ങളുടെ നാമത്തിൽ ഭഗവാനും ആണ്ടാളിനും പൂജകൾ നടത്തുകയും ചെയ്യണം. മണമില്ലാത്തതും പ്ലാസ്റ്റിക്ക് പൂവുകളും കൊണ്ട് മാല കെട്ടുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൂജ പൂർത്തിയാകുന്ന ഒൻപതാം ആഴ്ച ആണ്ടാൾ ക്ഷേത്രത്തിൽ വന്ന് ചടങ്ങ് പൂർത്തിയാക്കാം. ആചാരം കൃത്യമായി പൂർത്തിയാക്കിയാൽ വിവാഹം നടക്കുമെന്നുമാണ് വിശ്വാസം. വിവാഹ ശേഷം പങ്കാളിയുമായി ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തുകയും ദമ്പതികളുടെ നാമത്തിൽ ഭഗവാനും ആണ്ടാളിനും പൂജ നടത്തുന്നതും ഉത്തമമായി കാണുന്നു.
Highlight : The temple dedicated to the revered Andaal