വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവി, ആഗ്രഹ സാഫല്യത്തിനായി മനമറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്താണ് പൊന്മന കാട്ടിൽമേക്കതിൽ ദേവി ക്ഷേത്രത്തിലെ അമ്മ. കേരളത്തിലെ കൊല്ലം-ആലപ്പുഴ ദേശീയപാതയിൽ ശങ്കരമംഗലത്ത് നിന്നും പടിഞ്ഞാറ് മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആഗ്രഹ സാഫല്യത്തിനായി ദിവസവും വിദേശത്തുനിന്നുവരെ ഭക്തർ ഇവിടേക്ക് വരുന്നുണ്ട്. ദാരികനെ വധിച്ച ഉഗ്രമൂർത്തിയുടെ ഭദ്രകാളി രൂപമാണ് ഇവിടത്തെ പ്രതിഷ്ഠക്ക്. അറബി കടലിനും ടിഎസ് കനാലിനും നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഭക്തികൊണ്ടും ഭംഗികൊണ്ടും ഭക്തർക്ക് ആശ്വാസം നൽകുന്നു. ഉദ്ധിഷ്ഠ കാര്യത്തിനായുള്ള മണിനേർച്ചയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ക്ഷേത്രത്തിൽ നിന്നും പൂജിച്ചു കിട്ടുന്ന മണി വാങ്ങിയശേഷം മനസ്സിലെ ആഗ്രഹം ദേവിയോട് പറഞ്ഞുകൊണ്ട് സമീപത്തുള്ള ആൽമരത്തിന് ചുറ്റും ഏഴ് തവണ പ്രദക്ഷിണം വച്ചശേഷം ആ മണി ആൽമരത്തിൽ കെട്ടുന്നതിലൂടെ വഴിപാട് പൂർത്തിയാകുന്നു. ആൽമരത്തിൽ കെട്ടിയ മണിയിൽ നിന്നും ഉണ്ടാകുന്ന ശബ്ദം ദേവിയുടെ സന്നിധിയിൽ ചെന്നെത്തുമെന്നും ദേവി ആഗ്രഹ സാഫല്യം നൽകുമെന്നുമുള്ളതാണ് വിശ്വാസം. ആൽമരത്തിൽ കെട്ടിയിരിക്കുന്ന ഓരോ മണികളിൽ നിന്നുയരുന്ന ശബ്ദം ആ വിശ്വാസത്തെ കൂടുതൽ ഉറപ്പിക്കുന്നു.
Highlight: Kattil Mekkathil temple is ancient pilgrim center situated on coast of Arabian Sea, in Ponmana village, Chavara