ഡൽഹിയിൽ അന്തരീക്ഷ മലനീകരണം അതിരൂക്ഷമായി തുടരുന്നു. നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഏറ്റവും കൂടുതൽ മലനീകരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടില്ലാത്തതുപോലെ കനത്ത പുകമഞ്ഞുകൊണ്ട് നഗരം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു ബുധനാഴ്ച കാണപ്പെട്ടത്. മലനീകരണതോതിൽ ഉണ്ടായിരിക്കുന്ന മാറ്റം മാറാവ്യാധികൾക്കും അസുഖങ്ങൾക്കും കാരണമാകുമെന്ന ഭയം ജനങ്ങൾക്കിടയിൽ ഉണ്ട്. വായു മലിനീകരണത്തിന്റെ തീവ്രത വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഇന്നുമുതൽ കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അനിവാര്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളും, പൊളിക്കൽ ജോലികളും നിർത്തിവയ്ക്കാനും ഇലക്ട്രിക് അല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ അഞ്ചാം ക്ലാസുകൾ വരെയുള്ള കുട്ടികൾക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടാകില്ലെന്നും ക്ലാസുകൾ ഓൺലൈൻ ആയി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾ കഴിവതും വീടിനുള്ളിൽ തന്നെ തുടരാൻ ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്. രൂക്ഷമായ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ ശാരീരികമായി മാത്രമല്ല മനസികാവസ്ഥയെയും ബാധിക്കുമെന്ന മുന്നറിയിപ്പുകൾ ഇതിനോടകം തന്നെ നൽകിയിട്ടുണ്ട്. ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികൾക്കും നിർമ്മാണ പ്രവർത്തനങ്ങളുടെ നിരോധനം ബാധകമല്ല. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ ഏറ്റവും ഉയർന്ന താപനില 27.8 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. അന്തരീക്ഷ മലിനീകരണം കാരണം കാഴ്ച ദൂരം കുറയുകയും വിമാന സർവ്വീസുകളും ഗതാഗത മാർഗങ്ങളും തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.
ശില്പ സുദർശൻ
Highlight : Delhi becomes world ‘s most polluted city.